
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ പാമ്പു കടിച്ചു. ചികിത്സ നൽകാതെ മന്ത്രവാദം നടത്തിയതോടെ രണ്ടു കുഞ്ഞുങ്ങളും മരിച്ചു. ഒഡീഷയിലെ നബരംഗ്പൂരിലാണ് ദാരുണ സംഭവമുണ്ടായത്. 11 വയസുള്ള പെൺകുട്ടിയും ഒമ്പത് മാസം പ്രായമുള്ള സഹോദരനുമാണ് മരിച്ചത്. ഋതുരാജ് ഹരിജനെയും, സഹോദരി അമിത ഹരിജൻ എന്നിവരാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കുട്ടികളെ പാമ്പ് കടിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്നപ്പോഴാണ് പാമ്പുകടിയേറ്റത്. കുഞ്ഞുങ്ങളെ പാമ്പ് കടിച്ചെന്ന് ബോധ്യമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം സാത്താൻ സേവ ചെയ്യുന്ന ഒരു മന്ത്രവാദിയുടെ അടുത്തേക്കാണ് കുട്ടികളെ എത്തിച്ചത്. "ഗുനിയ" എന്ന് പ്രദേശ വാസികൾ വിളിക്കുന്ന ഒരു മന്ത്രവാദിയുടെ അടുത്തേക്കാണ് കുട്ടികളെ എത്തിച്ചത്.
മൂന്നു മണിക്കൂറോളം നീണ്ടുനിന്ന പൂജ നടത്തിയിട്ടും കുഞ്ഞുങ്ങൾ ഉണരാതായപ്പോൾ മാതാപിതാക്കൾ പുലർച്ചെ നാലു മണിക്ക് കുട്ടികളെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുമ്പ് കുഞ്ഞുങ്ങൾ മരിച്ചിരുന്നതായും പൊലീസ് പറയുന്നു. കടിച്ച് രണ്ടു മണിക്കൂറിനുള്ളിൽ ആന്റിവെനം നൽകേണ്ടതായിരുന്നുവെന്നും ചികിത്സ വൈകിയതിനാലാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നും നബരംഗ്പൂർ ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ (സിഡിഎംഒ) സന്തോഷ് കുമാർ പാണ്ട പറഞ്ഞു.











